ഖുർആൻ സ്റ്റഡി സെന്റർ കേരള വാർഷിക പരീക്ഷ 2023, സംസ്ഥാനതല വിജയികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: ഖുർആൻ സ്റ്റഡി സെന്റർ കേരള 2023 ജൂലൈ 30 ന് സംഘടപ്പിച്ച വാർഷിക പരീക്ഷയുടെ സംസ്ഥാനതല വിജയികളെ പ്രഖ്യാപിച്ചു. പ്രിലിമിനറി ഫൈനൽ പരീക്ഷയിൽ നജ്മ പി.കെ (വാഴക്കാട്-മലപ്പുറം), സുബൈദ കോറോത്ത് (പൊന്നാനി-മലപ്പുറം), റൈഹാനത്ത് എൻ.പി(കുന്ദമംഗലം-കോഴിക്കോട്) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. സെക്കന്ററി ഫൈനൽ പരീക്ഷയിൽ മറിയ. എസ്, ഹസ്ന .എ.(പറളി - പാലക്കാട്), നഫീസ ബഷീർ (ഓമശ്ശേരി-കോഴിക്കോട്) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് റാങ്കുകൾ നേടി.

ജമാഅത്തെ ഇസ്ലാമി കേരള അമീർ പി.മുജീബ്റഹ്മാൻ പ്രഖ്യാപനം നിർവഹിച്ച് വിജയികളെ അഭിനന്ദിച്ചു. വിജയികൾക്കുള്ള അവാർഡ് ജനുവരിയിൽ നടക്കുന്ന സംസ്ഥാന സംഗമത്തിൽ നൽകുമെന്ന് ഖുർആൻ സ്റ്റഡി സെന്റർ കേരള ഡയറക്ടർ അബ്ദുൽ ഹക്കീം നദ്‌വി അറിയിച്ചു.

ഖുർആൻ പഠനത്തിന് അവസരം ലഭിച്ചിട്ടില്ലാത്ത ബഹുജനങ്ങൾക്കായി ഒമ്പത് വർഷം കൊണ്ട് ഖുർആൻ പഠനം പൂർത്തിയാക്കാവുന്ന വ്യവസ്ഥാപിത സംവിധാനമാണ് ഖുർആൻ സ്റ്റഡി സെന്റർ കേരള. കാൽ നൂറ്റാണ്ടിലധികമായി പ്രവർത്തിച്ചു വരുന്ന ഈ സംവിധാനത്തിന് കേരളത്തിലെ എല്ലാ ജില്ലകളിലും ധാരാളം പ്രാദേശിക സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. സെന്ററുകളിലൂടെ ആയിരക്കണക്കിനാളുകൾ ഇതിനകം ഖുർആൻ പഠനം പൂർത്തിയാക്കിയിട്ടുണ്ട്.